ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും 80 പേര് മരിച്ചു

0
218

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം. നിലവിൽ 80 മരണങ്ങൾ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതോളം പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ കൊണ്ടുവരുന്നുണ്ടെന്നും ജില്ലാ കളക്ടർ അഭിഷേക് കുമാർ പറഞ്ഞു.

മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. കുട്ടികളും ഉള്‍പ്പെടുന്നു. ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.

കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചിലര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

‘മതപ്രഭാഷകനായ ഭോലെ ബാബയുടെ പ്രാര്‍ഥനാ യോഗമായിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാ-ഹാഥ്‌റസ് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് താല്‍ക്കാലിക അനുമതിയുണ്ടായിരുന്നു’, അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.