തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ ഫ്‌ളൈഓവറിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

0
99

വെൺപാലവട്ടത്ത് ദേശീയ പാതയിൽ സ്‌കൂട്ടറിൽ ഫ്‌ളൈഓവറിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്നുപേരും പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.

അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടർ ഓടിച്ച സിനി ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്കൂട്ടറിന്റെ പിൻവശത്താണ് ഇരുന്നത്.