മലപ്പുറത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

0
116

മലപ്പുറത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം കോഴിപ്പുറത്തെ വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്.

സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുൾപ്പെടെ 127 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ. രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല. സ്‌കൂളിൽ നിന്ന് കഴിച്ച ഭക്ഷണങ്ങൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം പടരാനിടയായ സാഹചര്യത്തിൽ വ്യക്തത വരുകയുള്ളൂ.

ജില്ലയിലെ മറ്റ് സ്‌കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ളവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഉൾപ്പെടെയുള്ള നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.