വിജയ് സേതുപതി ചിത്രം ‘മഹാരാജ’ കോപ്പിയടിയാണെന്ന് ആരോപിച്ച് നിർമ്മാതാവ് മരുതമുത്തു

0
550

വിജയ് സേതുപതി നായകനായ തമിഴ് ചിത്രം ‘മഹാരാജ’ കോപ്പിയടിയാണെന്ന് ആരോപിച്ച് നിർമ്മാതാവ് മരുതമുത്തു. സംവിധായകൻ നിതുലൻ സ്വാമിനാഥനാണ് ചിത്രത്തിൻ്റെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതെന്ന് മരുതമുത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ൽ തന്റെ അടുത്ത് വന്ന ഈ കഥ ഒരു ഹ്രസ്വ ചിത്രം ചെയ്യുന്നതിനായി താൻ നിതുലനെ ഏൽപ്പിച്ചുവെന്നും അത് അദ്ദേഹം ചെയ്തുവെന്നും മരുതമുത്തു പറയുന്നു.

തുടർന്ന് 2022 മുതൽ അതിയാസം ഊട്ട് എന്ന പേരിൽ ഒരു മുഴുനീള ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിനായി താൻ ശബരി പിക്ച്ചേഴ്സുമായി കരാറിൽ ഏർപ്പെടുകയും കെ എസ് രവികുമാർ, ചാർലി, അപ്പുകുട്ടി തുടങ്ങിയവരെ ഉൾപ്പെടുത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെ മഴ കാരണം അത് മുടങ്ങിയെന്നും മരുതമുത്തു പറഞ്ഞു.

പല കാരണങ്ങൾ കൊണ്ടും ഷൂട്ടിങ് നടക്കാതിരിക്കുന്നതിനിടെയാണ് മഹാരാജ റിലീസ് ചെയ്തതെന്നും തന്റെ കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പലരും പറഞ്ഞതിനെത്തുടർന്ന് താൻ ചിത്രം കണ്ടതായും മരുതമുത്തു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ചിത്രം കണ്ട് താൻ ഞെട്ടിയെന്നും അത് തന്റെ തന്നെ കഥയാണെന്നും നിർമ്മാതാക്കളുടെ യൂണിയനിൽ ഞാൻ പരാതി നൽകിയിട്ടുണ്ടെന്നും മരുതമുത്തു അറിയിച്ചു.

ഒപ്പം തന്നെപ്പോലുള്ള ചെറുകിട നിർമ്മാതാക്കളെ സിനിമാ വ്യവസായ രംഗത്ത് നിലനിൽക്കാൻ അനുവദിക്കുന്നില്ലെന്നും തനിക്ക് നീതിവേണമെന്നും മരുതമുത്തു കൂട്ടിച്ചേർത്തു. താൻ നിർമ്മിച്ച ഹ്രസ്വ ചിത്രമാണ് തന്റെ വാദങ്ങൾക്കുള്ള തെളിവെന്നും മരുതമുത്തു ചൂണ്ടിക്കാട്ടി.

വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ് തീയറ്ററുകളിൽ എത്തിയ മഹാരാജ വലിയ വിജയം നേടി പ്രദർശനം തുടരുകയാണ്. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥ, അഭിനയം, ആക്ഷൻ രംഗങ്ങൾ എന്നിവ കൊണ്ട് വലിയ പ്രേക്ഷക പ്രശംസ മഹാരാജ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടിയതായാണ് റിപ്പോർട്ട്.