പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിൽ പിശക് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് ഹൈക്കോടതി

0
97

രാജ്യത്തെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയുടെ യൂണിവേഴ്സൽ ലെക്‌സിസ് നെക്‌സിസ് പ്രസിദ്ധീകരിച്ച പതിപ്പിലെ പിശക് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് ഹൈക്കോടതി. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സെക്ഷൻ 103(2) ആണ് തെറ്റായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരിൽ അഞ്ചോ അതിലധികമോ വ്യക്തികളുടെ ഒരു സംഘം കൊലപാതകം നടത്തുകയാണെങ്കിൽ, സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ അല്ലെങ്കിൽ ജീവപര്യന്തം തടവും പിഴയും നൽകണം’ഇതാണ് പുതിയ ക്രിമിനൽ നിയമത്തിൽ പറയുന്നത്.

എന്നാൽ യൂണിവേഴ്സൽ ലെക്സിസ്നെക്സിസ് പ്രസിദ്ധീകരിച്ച നിയമപുസത്കത്തിൽ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരിൽ എന്നതിന് പകരം മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ട് എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന പിഴവാണെന്ന് ഝാർഖണ്ഡ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ‘ഈ പിശക് ബോധപൂർവമാണെന്ന് ഞങ്ങൾ പറയുന്നില്ല, ഒരു മാനുഷിക പിശകായിരിക്കാം, നോട്ടപ്പിഴ കാരണം സംഭവിച്ചതാകാം, പക്ഷേ ഈ പിശക് മാരകവും ബന്ധപ്പെട്ട എല്ലാവരേയും കുഴപ്പിക്കുന്നതുമാകാം, അതിനാൽ ഇത് ഉടനടി ചികിത്സിക്കേണ്ടതുണ്ട്’ കോടതി പറഞ്ഞു.

ഇത് സംബന്ധിച്ച് രാജ്യത്തെ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ദേശീയ പത്രങ്ങളിലും വിവിധ ഭാഷകളിലുള്ള പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളിലും ഒരു തിരുത്ത് നൽകണമെന്ന് യൂണിവേഴ്സൽ ലെക്സിസ്നെക്സിസിനോട് കോടതി ആവശ്യപ്പെട്ടു.