‘അമ്മ’യിലേക്കുള്ള തിരഞ്ഞെടുപ്പ്; സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

0
482

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലേക്കുള്ള തിരഞ്ഞെടുപ്പ് കൊച്ചിയിൽ നടന്നു. സിദ്ദിഖിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മോഹൻലാൽ മൂന്നാം തവണയും എതിരില്ലാതെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകന്ദനും എതിരാളികളില്ലാതെ വിജയിച്ചു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, വിനു മോഹന്‍, ടൊവിനോ തോമസ്, അന്‍സിബ, അനന്യ, സരയു തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലുവനിതകള്‍ വേണം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നുവനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടുനേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും വരണാധികാരി നിലപാടെടുത്തിരുന്നു. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെ ചെറിയ തര്‍ക്കമുണ്ടായെങ്കിലും അന്‍സിബയേയും സരയുവിനേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി തര്‍ക്കം പരിഹരിച്ചിരുന്നു.