കോപ്പ അമേരിക്ക ഫുട്ബോൾ ടൂര്‍ണമെന്റില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ ഉറുഗ്വായ് ക്വാർട്ടർ ഫൈനലിൽ

0
200

കോപ്പ അമേരിക്ക ഫുട്ബോൾ ടൂര്‍ണമെന്റില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ ഉറുഗ്വായ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബൊളീവിയയെ ഉറുഗ്വായ് ടീം തകർത്തത്. മത്സരത്തിൻ്റെ ആദ്യ മിനിറ്റിൽ തന്നെ ഒരു ഗോൾ ശ്രമം ഉണ്ടായെങ്കിലും ആദ്യ ഗോളിനായി ഉറുഗ്വേക്ക് നിമിഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

എട്ടാം മിനിറ്റില്‍ ഫകുണ്ടോ പെലിസ്ട്രി ആദ്യ ഗോള്‍ നേടി . റൊണാള്‍ഡ് അറൗജോയുടെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ പെലിസ്ട്രി പന്ത് വലയിലാക്കി. 21-ാം മിനിറ്റില്‍ മാക്സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റില്‍ ഡാര്‍വിന്‍ ന്യൂനസ് ആണ് വലചലിപ്പിച്ചത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വേ സംഘം ലീഡ് ചെയ്തു.

രണ്ടാം പകുതിയില്‍ 77-ാം മിനിറ്റില്‍ ഉറുഗ്വേ വീണ്ടും ലീഡ് ഉയര്‍ത്തി. നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റില്‍ മാക്സിമിലിയാനോ അറൗജോവിന്റെ വലംകാല്‍ ഷോട്ടാണ് വലയിലെത്തിയത്. 81-ാം മിനിറ്റില്‍ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെ വീണ്ടും ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ വെറ്ററന്‍ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങിയതിനു പിന്നാലെ 89-ാം മിനിറ്റില്‍ റോഡ്രിഗോ ബെന്റാന്‍കൂര്‍ കൂടെ ഗോള്‍ നേടിയതോടെ ബൊളീവിയന്‍ തോല്‍വി സംഭവിക്കുകയായിരുന്നു.