കളിയിക്കാവിളയിൽ കൊലപാതക കേസിൽ രണ്ടാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

0
114

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ സുനിലിൻ്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പാറശ്ശാല സ്വദേശി സുനിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രദീപിനെ വിളിച്ചിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാൾ മൊബൈൽ ഫോൺ പാറശാലയിലെ വീട്ടിൽ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിലാണ്.

ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണംമാത്രം തട്ടി എടുക്കുകയാണോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്കുണ്ടോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. കൊലനടത്തിയ അമ്പിളിയെ ഇന്നലെ കുഴിത്തുറൈ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.