കാസർകോട് ഹണി ട്രാപ്പ് കേസ്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടർമാരും തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്

0
171

കാസർകോട് ഹണി ട്രാപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകളുണ്ട്. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടർമാരും വിവാഹ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. തട്ടിപ്പിന് ചില പോലീസുദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും സംശയമുണ്ട്.

തൃശൂർ സ്വദേശിയായ പോലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പോലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

തൃശൂരിലെ പോലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ശ്രുതിയുടെ വലയിൽ കുരുക്കി. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ശ്രുതി നലവിൽ‌ ഒളിവിൽ കഴിയുകയാണ്. പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.