നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന് സമ്മതിച്ച് പ്രതികൾ

0
121

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന് സമ്മതിച്ച് പ്രതികൾ. 25ലധികം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ ചോർത്തി നൽകിയെന്നാണ് പ്രതിയുടെ മൊഴി. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ചോദ്യപേപ്പർ വായിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ വീട്ടിൽ താമസിപ്പിച്ചത് താനാണെന്നും അശുതോഷ് മൊഴി നൽകി.

ബീഹാ‌ർ, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ ഒന്ന് വീതവും രാജസ്ഥാനിൽ മൂന്നുമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗുജറാത്തിലെ ഗോധ്രയിൽ ചോദ്യപേപ്പറിന് പണം നൽകിയ 15ലേറെ വിദ്യാ‌ർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കട് പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാസഖ്യം. ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ബിഹാർ സർക്കാർ അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

ചോദ്യപേപ്പർ ചോർച്ച കേസിൽ ഝാർഖണ്ഡിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹസാരിബാഗിലെ സ്കൂളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ചോദ്യപേപ്പർ ലഭിച്ചതായും സൂചനയുണ്ട്. അതിനിടെ മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻബിഇ മേധാവി ഡോ അഭിജത് ഷേത്ത് ഉറപ്പ് നൽകിയതായി ഐഎംഎ പത്രക്കുറിപ്പിൽ അറിയിച്ചു