നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ(37) അന്തരിച്ചു

0
217

നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ(37) അന്തരിച്ചു. ശ്വാസതടസ്സം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടനും ഗായകനുമായ ഷഹീനും ഫർഹീനും സഹോദരങ്ങളാണ്. സിദ്ദിഖിൻ്റെ മൂത്ത മകനാണ് റാഷിന്‍.

സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീനും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം വലിയ ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു.

സിദ്ദീഖിന്റെ ആദ്യ ഭാര്യയിലെ മകനാണ് റാഷിന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാഷിന്റെ മാതാവ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സീനയെ സിദ്ദീഖ് വിവാഹം കഴിക്കുന്നത്. ഷഹീന്‍, ഫര്‍ഹീന്‍ എന്നിവര്‍ സിദ്ദീഖ്-സീന ദമ്പതികളുടെ മക്കളാണ്.

റാഷിനെ കുറിച്ച് മുന്‍പ് സിദ്ദിഖ് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രങ്ങളടക്കം പുറംലോകം കണ്ട് തുടങ്ങിയത്. ഷഹീന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ റാഷിന്റെ ചിത്രങ്ങള്‍ പങ്ക് വെക്കാറുണ്ട്. സുഖമില്ലാതിരുന്ന മകനെ പുറംലോകത്തിന് മുന്നില്‍ കാണിക്കാത്തത് സഹതാപ തരംഗങ്ങളുണ്ടാവുന്നത് കൊണ്ടാണെന്ന് സിദ്ദീഖ് പിന്നീട് പറഞ്ഞിരുന്നു.

അതേസമയം സിദ്ദീഖിന്റെ മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, നടി സീമ ജി നായര്‍ തുടങ്ങിയവര്‍ റാഷിന് ആദാരഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.