ഇന്ത്യൻ ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്ക്

0
170
3D Render Dollar Stacks Graph Arrow Clipping Path

ഇന്ത്യൻ ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലെത്തി. ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 78,000 പോയിൻ്റും നിഫ്റ്റി 23,700 പോയിൻ്റും കടന്നു. സെൻസെക്‌സ് 800 പോയിൻ്റ് ഉയർന്ന് 78,164 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി, 712.44 പോയിൻ്റിൽ (+0.92%) 78,053.52 ലും നിഫ്റ്റി 183.45 പോയിൻ്റ് (+0.78%) 23,721 ലും ക്ലോസ് ചെയ്തു. എക്കാലത്തെയും മികച്ച ക്ലോസിംഗ് പോയിൻ്റാണിത്. ഇന്നലെ, നിഫ്റ്റി ഇൻട്രാഡേയിൽ 23,754 എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. വ്യാപാരം അവസാനിക്കുമ്പോൾ മൂല്യം മൂന്ന് പൈസ ഉയർന്ന് 83.44 ആയി.

ഇന്ത്യയുടെ വിദേശനാണ്യ വരുമാനവും ചെലവും തമ്മിലെ അന്തരം ഇക്കഴിഞ്ഞ ജനുവരി- മാർച്ച് പാദത്തിൽ മിച്ചം ആയിരുന്നെന്ന റിസർവ് ബാങ്കിന്‍റെ റിപ്പോർട്ടും ഏഷ്യൻ ഓഹരി വിപണികൾ പൊതുവേ കാഴ്ചവച്ച നേട്ടവുമാണ് ഓഹരി വിപണിക്ക് ഗുണമായത്. യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കാൻ വൈകില്ലെന്ന വിലയിരുത്തലും കരുത്തായി.

സ്വകാര്യ ബാങ്കോഹരികൾ സ്വന്തമാക്കിയ മികച്ച വാങ്ങൽ താൽപര്യമാണ് ഇന്നു സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക് വൈകാതെ വിപണിയിലെ ഏറ്റവും ഉയർന്ന ലാഭക്ഷമതിയിലേക്കു തിരിച്ചെത്തുമെന്ന ചില ബ്രോക്കറേജുകളുടെ പ്രസ്താവനയും ബാങ്കിങ്, ധനകാര്യസേവന ഓഹരികളെ ഇന്നു മുന്നോട്ടു നയിച്ചു.

നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഒന്നര മുതൽ 3.7% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. മറ്റ് വൻകിട ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി എന്നിവയും നേട്ടത്തിന് പിന്തുണ നൽകി. ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ഒഎൻജിസി എന്നിവ 1.2 മുതൽ 2.75 ശതമാനം വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തി.

മികച്ച വെയിറ്റേജുള്ള എച്ച്ഡിഎഫ്സി ബാങ്കടക്കം കാഴ്ചവച്ച മുന്നേറ്റം ഇന്ന് ബാങ്ക് നിഫ്റ്റിയെയും പുതിയ ഉയരത്തിലെത്തിച്ചു. ബാങ്ക് നിഫ്റ്റി 1.74% ഉയർന്ന് റെക്കോർഡ് 52,606ലെത്തി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 1.90%, ഐടി 0.81% എന്നിങ്ങനെയും നേട്ടമുണ്ടാക്കി. 1.70 ശതമാനമാണ് നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേട്ടം. 1.75% താഴ്ന്ന നിഫ്റ്റി റിയൽറ്റിയാണു നഷ്ടത്തിൽ മുന്നിൽ.