സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ

0
140

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു.

ഇന്നലെ(25) രാത്രി 7 മുതൽ ഇന്ന് രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.