മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

0
126

മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിൽ വെച്ചാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

നാളെ കെജ്രിവാളിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.

ജൂൺ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നൽകിയ അപേക്ഷയിൽ ജാമ്യത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കിൽ, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.