കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് യൂണിറ്റിൽ വൻ തീപിടിത്തം

0
133

തിരുവനന്തപുരം കൊച്ചുവേളി വ്യവസായ മേഖലയിൽ വൻ തീപിടിത്തം. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിൽ ഇന്ന് പുലർച്ചെ 3.50ഓടെയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ബാഗായതിനാൽ തീ പെട്ടെന്ന് പടർന്നു. കൊച്ചുവേളി വ്യവസായ ഫാക്ടറിക്ക് സമീപമുള്ള പവർപാക് പോളിമർ എന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. 25 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രദേശത്താകെ കറുത്ത പുക ഉയർന്നിരിക്കുകയാണ്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. കൊച്ചുവേളി, ചാക്ക, ചെങ്കൽച്ചൂള, ആറ്റിങ്ങൽ, കോവളം, ഹൗസിം​ഗ് ബോർഡ് മുതലായ ഇടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തുകയായിരുന്നു. നേരിയ മഴയുണ്ടായിട്ടുപോലും തീയും പുകയും അണയ്ക്കാൻ വല്ലാതെ പണിപ്പെടേണ്ടി വന്നു. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതാണ് തീയണയ്ക്കൽ ശ്രമകരമാക്കിയത്. മൂന്നര മണിക്കൂറുകളിലേറെ നീണ്ടുനിന്ന അധ്വാനത്തിന് ശേഷമാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.

കമ്പനിയിൽ പ്ലാസ്റ്റിക് ചാക്കുകളിലാക്കി അടുക്കി കൂട്ടി വച്ചത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. കമ്പനി പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചിരുന്നില്ല. കമ്പനിയ്ക്ക് ഒരു എക്സിറ്റും ഒരു എൻട്രിയും മാത്രമായതും രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ സൃഷ്ടിച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.