വിലക്ക് മറികടന്ന് റഷ്യയിൽ നിന്ന് ജപ്പാനിലേക്ക് ഉൽപ്പന്നങ്ങൾ കടത്തി; ഇന്ത്യൻ കമ്പനിക്ക് നിരോധനം ഏർപ്പെടുത്തി ജപ്പാൻ

0
213
Japan's Prime Minister Fumio Kishida speaks during a news conference at the Prime Minister's official residence, in Tokyo, Japan April 8, 2022. Rodrigo Reyes Marin/Pool via REUTERS

ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ കമ്പനിയെ ജപ്പാൻ വിദേശകാര്യ മന്ത്രാലയം നിരോധിച്ചു. തങ്ങളുടെ വിലക്ക് മറികടന്ന് റഷ്യയിൽ നിന്ന് ജപ്പാനിലേക്ക് ഉൽപ്പന്നങ്ങൾ കടത്താൻ സഹായിച്ചു എന്നതാണ് കുറ്റം. ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം കമ്പനികൾക്കെതിരെയാണ് നടപടി.

ഈ കമ്പനികൾക്ക് ജപ്പാനിലുള്ള ആസ്തികൾ മരവിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ജപ്പാനിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റേതാണ് നടപടി.

റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്നാണ് ജപ്പാൻ റഷ്യക്ക് മുകളിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈൻ അധിനിവേശത്തിൽ നിന്ന് റഷ്യയെ പിന്മാറാൻ പ്രേരിപ്പിക്കും വിധം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെയും അവരുടെ സഖ്യ രാഷ്ട്രങ്ങളുടെയും ലക്ഷ്യം.

എന്നാൽ വിവിധ കമ്പനികൾ വഴി ജപ്പാനിലേക്ക് റഷ്യയിൽ നിന്ന് ചരക്കുകൾ എത്തിയെന്ന് വ്യക്തമായത് ഇപ്പോഴാണ്. ജപ്പാനിലെ ഫോറിൻ എക്സ്ചേഞ്ച് ആൻ്റ് ഫോറിൻ ട്രേഡ് ആക്ട് പ്രകാരമാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ കമ്പനികൾ ഏതൊക്കെയെന്ന് ജപ്പാൽ വെളിപ്പെടുത്തിയിട്ടില്ല.

ഇറ്റലിയിൽ നടന്ന ജി7 സമ്മിറ്റിൽ തന്നെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തങ്ങൾ ചില കമ്പനികൾക്കും സംഘങ്ങൾക്കും എതിരെ നടപടി എടുത്തതായി അറിയിച്ചത്. റഷ്യയെ സഹായിക്കുന്നതിനാണ് നടപപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുക്രൈൻ അധിനിവേശത്തിൽ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കെതിരെ നേരത്തെ തന്നെ ജി7 രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.