നീറ്റ് പരീക്ഷാ ക്രമക്കേട്, പ്രോടേം സ്പീക്കർ നിയമനം; ആദ്യദിനം തന്നെ പ്രതിപക്ഷത്തിൻ്റെ ശക്തി അറിയിച്ച് ഇന്ത്യ മുന്നണി

0
111

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ ശക്തി അറിയിക്കാനുള്ള ഉറച്ച തീരുമാനവുമായി ഇന്ത്യ സഖ്യം. സുരേഷ് കൊടിക്കുന്നിനെ പ്രോടേം സ്പീക്കറായി നിയമിക്കാത്തതിലും നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിലും ഭരണഘടനയുമായി സഭയിലെത്തിയ പ്രതിപക്ഷം ആദ്യദിനം പ്രതിഷേധിച്ചു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

ഭരണഘടനയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തി പിടിച്ചു ഒറ്റ കെട്ടായി സഭയിലേക്ക് പ്രവേശിച്ച ഇന്ത്യ സഖ്യം സര്‍ക്കാരിന്നോടുള്ള സമീപനം ആദ്യദിനം തന്നെ പ്രകടമാക്കി. കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞു പ്രോടെം സ്പീക്കര്‍ കസേരയില്‍ എത്തിയ ഭര്‍തൃഹരി മഹത്താബ് ആണ് പ്രതിഷേധ ചൂട് ആദ്യം അറിഞ്ഞത്.പ്രോ ടെം സ്പീക്കറെ സഹായിക്കാനുള്ള പാനല്‍ അംഗങ്ങളുടെ പേര് വിളിച്ചതോടെ സമ്മേളിച്ച് നിമിഷങ്ങള്‍ക്കകം തന്നെ സഭയില്‍ ബഹളം ആരംഭിച്ചു.

വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയതോടെ, നീറ്റ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായമായില്ലെങ്കില്‍ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടിനെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കരുത്ത് ഇത്തവണ പ്രതിപക്ഷത്തിനുണ്ടെന്ന് കെസി വേണുഗോപാലും പ്രഖ്യാപിച്ചു. തുടക്കം മുതല്‍ തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ നോട്ടീസ് നല്‍കും.