ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഹണി ട്രാപ്പ്; പിടിയിലായ യുവതി പോലീസിനെതിരെ വ്യാജ പരാതി നൽകി

0
118

കാസർകോട് മേൽപറമ്പിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥനെന്ന വ്യാജേന ഹണി ട്രാപ്പ് നടത്തി പിടിയിലായ യുവതി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകി. കൊമ്പനടുക്കം സ്വദേശിനിയായ ശ്രുതി ചന്ദ്രശേഖർ തനിക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെയും സ്ത്രീപീഡന കേസുകളിൽ പ്രതിയാക്കാൻ ശ്രമിച്ചു.

യുവതിയുടെ കള്ളത്തരങ്ങൾ കയ്യോടെ പിടിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുന്നത്. യുവതി നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തിയ മേൽപ്പറമ്പ് സ്റ്റേഷനിലെ എസ് ഐയുമായി വഴി വിട്ട ബന്ധമെന്ന് യുവതി പ്രചരിപ്പിച്ചു. യുവതിയ്ക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥരെ സ്ത്രീ പീഡന കേസുകളിൽ പ്രതിയാക്കാനും ശ്രമം നടന്നു.

ശ്രുതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്ത വനിതാ സെൽ എസ് ഐ യ്ക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. പല പോലീസ് സ്റ്റേഷനുകളിലും യുവതി കാണിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളാണ്. പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്ദാനം നൽകി.

കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരിൽ പലരും വിവരം മറച്ചു വച്ചു. യുവതിയ്ക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.