‘സൊൾവർ സംഘത്തിന്’ ഉത്തരങ്ങൾക്കൊപ്പം ചോദ്യപേപ്പറിൻ്റെ പിഡിഎഫും ലഭിച്ചതായി ബിഹാർ പോലീസ്

0
67

നീറ്റ്-യുജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ‘സൊൾവർ സംഘത്തിന്’ പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ഉത്തരങ്ങൾക്കൊപ്പം ചോദ്യപേപ്പറിൻ്റെ പിഡിഎഫും ലഭിച്ചതായി ബിഹാർ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കണ്ടെത്തി. ചോദ്യപേപ്പറിൻ്റെ പിഡിഎഫ് ഫോണിൽ ലഭിച്ച സോൾവർ സംഘാംഗം അറസ്റ്റിൽ.

ജാര്‍ഖണ്ഡില്‍നിന്നാണ് ചിണ്ടു എന്നറിയപ്പെടുന്ന ബല്‍ദേവ് കുമാറിനേയും മറ്റ് നാലുപേരേയും ബിഹാര്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റ് ചെയ്തത്. പട്‌ന കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന സോള്‍വര്‍ ഗ്യാങ്ങിന്റെ സൂത്രധാരനായ സഞ്ജീവ് കുമാറിന്റെ അടുത്തയാളാണ് ബല്‍ദേവ് കുമാര്‍ എന്ന് ഇ.ഒ.യു. അറിയിച്ചു.

മുകേഷ് കുമാര്‍, പങ്കു കുമാര്‍, രാജീവ് കുമാര്‍ (കാരു), പരംജിത്ത് സിങ് (ബിട്ടു) എന്നിവരാണ് ബല്‍ദേവിനൊപ്പം അറസ്റ്റിലായ മറ്റ് സോള്‍വര്‍ ഗ്യാങ് അംഗങ്ങള്‍. അറസ്റ്റിന് മുമ്പുതന്നെ മുകേഷ് കുമാറും രാജീവ് കുമാറും പരംജിത്ത് സിങ്ങും ഇ.ഒ.യു. രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിപ്പട്ടികയിലുണ്ട്. സാങ്കേതിക അന്വേഷണത്തിനൊടുവില്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ സഹായത്തോടെയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തതെന്നും ഇ.ഒ.യു. അറിയിച്ചു.

അതേസമയം, ചോര്‍ന്നുകിട്ടിയ ചോദ്യപ്പേപ്പറിന്റെ പകര്‍പ്പ് കത്തിച്ചനിലയില്‍ ഇ.ഒ.യു. കണ്ടെത്തി. അവശിഷ്ടങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയ 68 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയിലെ അതേ ചോദ്യങ്ങളാണെന്നും ഇ.ഒയു. തിരിച്ചറിഞ്ഞു. ചോദ്യങ്ങള്‍ക്ക് പുറമെ പരീക്ഷാകേന്ദ്രമായ സ്‌കൂളിന്റെ കോഡും കത്തിച്ചതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രമായ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് എന്ന സി.ബി.എസ്.സിയില്‍ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്‌കൂളിന്റെ കോഡാണ് ഇതിലുണ്ടായിരുന്നത്. നീറ്റ് പരീക്ഷയുടെ യഥാര്‍ഥ ചോദ്യപ്പേപ്പര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അഞ്ചുദിവസം മുമ്പ് ഇ.ഒ.യുവിന് കൈമാറിയിരുന്നു.

നേരത്തേ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നാണ് കത്തിച്ച നിലയിലുള്ള ചോദ്യപ്പേപ്പറിന്റെ അവശിഷ്ടം പോലീസ് കണ്ടെത്തിയത്. ഫോറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണ് കത്തിയ ചോദ്യപ്പേപ്പറിന്റെ അവശിഷ്ടങ്ങളും യഥാര്‍ഥ ചോദ്യപ്പേപ്പറും തമ്മില്‍ ഇ.ഒ.യു. ഒത്തുനോക്കിയത്.

ഇ.ഒ.യു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. കേസില്‍ അഞ്ചുപേരെ കൂടി ഇ.ഒ.യു. ഞായറാഴ്ച അറസ്റ്റ് ചെയ്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.