ഇനി ‘കേരള’ അല്ല, ‘കേരളം’ ആണ്; പ്രമേയം പാസാക്കി നിയമസഭ

0
154

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വീണ്ടും അവതരിപ്പിച്ചു.

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ഏറനാളത്തെ പൊതു ആവശ്യമാണ്.

കേരളം എന്ന പേര് ചരിത്രത്തിലും സാഹിത്യത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ഇംഗ്ലീഷ് പ്രയോഗം കാരണമാണ്. ഐക്യ കേരളം രൂപീകരിച്ച് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’എന്ന പേര് സംസ്ഥാനത്തിന് നൽകാനും രേഖകളിൽ മാറ്റാനും കഴിഞ്ഞിരുന്നില്ല. മലയാളത്തിൽ കേരളം എന്നാണെങ്കിലും സർക്കാർ രേഖകളിൽ ഇംഗ്ലീഷിൽ ഗവൺമെൻറ് ഓഫ് കേരള എന്നാണ്.