തിരുവനന്തപുരത്ത് പെട്രോൾ ടാങ്കർ തോട്ടിലേക്ക് മറഞ്ഞു; പ്രദേശവാസികൾക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം

0
64

തിരുവനന്തപുരം കിളിമാനൂരിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.

ടാങ്കറിൽ നിന്ന് പെട്രോൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഐഒസി ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്ത് എത്തി. തോട്ടിലേക്ക് മറിഞ്ഞ ടാങ്കറിന് ലീക്കുണ്ടായിട്ടുണ്ട്. പെട്രോൾ തോട്ടിലെ വെള്ളത്തിൽ കലർന്നതായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ‌ അറിയിച്ചു. തുടർന്ന് പ്രദേശവാസികൾക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിക്കാതെ സമീപത്തെ വീടുകളിൽ തീ കത്തിക്കാൻ പാടില്ലെന്ന് നിർദേശം നൽകി.

പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാല് അറകളാണ് ടാങ്കറിലുള്ളത്. രണ്ട് അറകളിൽ ഡീസലും രണ്ട് അറകളിൽ പെട്രോളുമാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ക്രെയിൻ ഉപയോ​ഗിച്ച് ടാങ്കർ ഉയർത്തിയ ശേഷമായിരിക്കും ഇന്ധനം ടാങ്കറിൽ നിന്ന് മാറ്റുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉ​ദ്യോ​ഗസ്ഥർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് പരുക്കേറ്റ ഡ്രൈവറെയും ക്ലീനറെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചത്.