ബലാത്സംഗശ്രമം ചെറുത്തതിന് 12 വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

0
217

ബലാത്സംഗശ്രമം ചെറുത്തതിന് 12 വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തെലങ്കാനയിലെ മിയാപൂരിലാണ് സംഭവം. പ്രതി അമിത മദ്യപാനിയും അശ്ലീല വീഡിയോകൾക്ക് അടിമയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മകളെ കാണാനില്ലെന്ന് കാണിച്ച് പ്രതികൾ പരാതി നൽകിയിരുന്നു. തെലങ്കാനയിലെ മഹുബാബാദ് ജില്ലയിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി ഹൈദരാബാദിലെ മിയാപൂരിലേക്ക് പിതാവിനൊപ്പം താമസം മാറിയത്.

എന്നാൽ ജൂൺ 7 ന് കുട്ടി മഹ്ബൂബാബാദിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഇയാൾ അമ്മയുടെ അടുത്തേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞ് പെൺകുട്ടിയെ ഒരു പലചരക്ക് കടയിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ ഏകദേശം 10 മണിയോടുകൂടിയാണ് ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത് എന്നും പോലീസ് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ഒരു വനത്തിനുള്ളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിരുന്നു.

അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്ന പ്രതി മകളെ പീഡിപ്പിക്കാനാണ് വനത്തിനുള്ളിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി നിലവിളിക്കുകയും അമ്മയോട് വിവരം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പിതാവ് കുട്ടിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഇയാൾ കല്ലുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

കൃത്യം നടത്തി സ്ഥലത്തുനിന്നു പോയ പ്രതി, മകൾ മരിച്ചു എന്ന് ഉറപ്പാക്കാൻ 10 മിനിറ്റിന് ശേഷം അവിടെ എത്തി. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ രക്തംപുരണ്ട ഷർട്ട് മാറ്റിയ ശേഷം മകളെ കാണാനില്ലെന്ന് ഭാര്യയോട് പറയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ അന്ന് തന്നെ പ്രതി മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകുകയും ചെയ്തു. മിയാപൂരിലെ വനത്തിനുള്ളിൽ നിന്ന് ജൂൺ 13നാണ് പെൺകുട്ടിയുടെ മൃതശരീരം അഴുകിയ നിലയിൽ പോലീസ് കണ്ടെടുത്തത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞത്. മകളെയും കൂട്ടി വനത്തിനുള്ളിലേക്ക് പോയ ഇയാൾ തിരിച്ച് ഒറ്റയ്ക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മകളെ കൊലപ്പെടുത്തിയതായി പിതാവ് സമ്മതിച്ചതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. മകളെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പ്രദേശത്തെ ഒരു ആദിവാസി മൂപ്പനോട് സമ്മതിച്ചതായും പെൺകുട്ടി കൊല്ലപ്പെട്ടതിൽ പിതാവിന് പങ്കുണ്ടെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നുവെന്നും എസിപി നരസിംഹ റാവു പറഞ്ഞു.