ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ

0
97

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തിൽ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ. വ്യാഴാഴ്ച നടന്ന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. റെയിൽവേ സർവീസുകൾ ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും. റമ്പാൻ, റിയാസി ജില്ലകൾക്കിടയിലാണ് ഈ ലൈൻ നിർമ്മിച്ചിരിക്കുന്നത്.

റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക.

പുതുതായി പണിത ചെനാബ് റെയില്‍വേ പാലത്തിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ മെമു ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു. കശ്മീര്‍ താഴ്വരയെക്കൂടി ഇന്ത്യന്‍ റെയില്‍വേ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിച്ചുളള പദ്ധതിയുടെ ഭാഗമായാണ് പാലം പണിതിരിക്കുന്നത്. 28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്‌കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.

2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മാണ ചെലവ്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട് ഈ പാലത്തിന്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു.

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്.