സൈബർ ക്രമക്കേട്; ജൂൺ 18-ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി

0
86

ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ജൂൺ 18-ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ (ജൂൺ 2024) റദ്ദാക്കി. ഒഎംആർ പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കൽ. വിവാദമായ നീറ്റ് പരീക്ഷയും എൻടിഎ തന്നെയാണ് നടത്തിയത്. സംഭവത്തിൽ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. ഇത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നൽകിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് അനലിറ്റിക്സ് യൂണിറ്റ് നൽകിയത്. ഇതേത്തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സർക്കാർ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 317 നഗരങ്ങളിലായി 11.21 ലക്ഷം വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 81 ശതമാനവും പരീക്ഷ എഴുതിയതായി യു.ജി.സി. ചെയർപേഴ്‌സൺ എ. ജഗദേഷ് കുമാർ പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസർ’ തസ്തികയിലേക്കും ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്‌.ഡി. പ്രവേശനത്തിനും യോഗ്യത നിർണയിക്കുന്നതിനുള്ള പരീക്ഷയാണിത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടന്നിരുന്നത്. അടുത്തിടെയാണ് ഒ.എം.ആർ.എം. രീതിയിലേക്ക് മാറ്റിയത്.