കുവൈറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു; മൂന്ന് പേർ ഇന്ത്യക്കാർ

0
185

50 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ മംഗേഫിലെ ബ്ലോക്ക് 4-ൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരും ഒരാൾ കുവൈറ്റിൽ നിന്നുള്ളയാളുമാണ്. മറ്റ് നാല് പേരും ഈജിപ്തിൽ നിന്നുള്ളവരാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്.

വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവം നടന്ന അന്ന് കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.