നിമിഷപ്രിയയുടെ മോചനത്തിനുള്ള പ്രാരംഭ ചർച്ചകൾക്കുള്ള പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി

0
88

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള പ്രാഥമിക ചർച്ചകൾക്കുള്ള പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രാഥമിക ചർച്ചകൾക്കുള്ള പണം ഇന്ത്യൻ എംബസി മുഖേന കൈമാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിമിഷിപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തെ സമീപിച്ചിരുന്നു.

പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിൽ 40000 യുഎസ് ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ അത് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി നൽകി.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചർച്ചകൾക്ക് തന്നെ പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.

12 വർഷങ്ങൾക്ക് ശേഷം പ്രേമകുമാരിക്ക് മകളെ കാണാൻ അവസരം ലഭിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും പ്രേമകുമാരി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.