മാതമംഗലത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണം മോഷ്ടിച്ചു

0
120

മാതമംഗലം മാതുവയലിലെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. എസ്ബിഐ മാതമംഗലം പാണപ്പുഴ റോഡിൽ ജയപ്രസാദിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സയ്ക്കായി തളിപ്പറമ്പിനടുത്തുള്ള ആശുപത്രിയിലായിരുന്നു.

ബുധനാഴ്ച പുലർച്ചെ മൂന്നിനും 3.45-നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ഇവർ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകർത്തശേഷം മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകടക്കുകയും വീട്ടിലെ മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് അരിച്ചുപെറുക്കി അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രവും മോഷ്ടിക്കുകയുമായിരുന്നു. സമീപത്തെ വീട്ടിലെ നിരീക്ഷണക്യാമറയിൽ മോഷ്ടാവ് ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

വീട്ടുകാർ ആസ്പത്രിയിലായതിനാൽ രാവിലെ സമീപത്തെ ബന്ധുക്കൾ ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി വന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്നതായി കണ്ടത്. ഉടൻ ജയപ്രസാദിനെ അറിയിച്ചു. തുടർന്ന് പെരിങ്ങോം പോലീസിലും വിവരമറിയിച്ചു. പെരിങ്ങോം ഇൻസ്‌പെക്ടർ പി. രാജേഷ്, എസ്.ഐ. പി. ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.

വിരലടയാളവിദഗ്ധരും ഡോഗ്‌സ് സ്‌ക്വാഡും ഉൾപ്പെടെ എത്തി അന്വേഷണം ഊർജിതമാക്കി. വീടിന്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൺവെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്.