മന്ത്രി വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടി സഹകരണാത്മക ഫെഡറലിസത്തിൻ്റെ സത്തയ്ക്ക് കടകവിരുദ്ധം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

0
151

മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കുവൈറ്റിലെ മംഗഫിൽ 2024 ജൂൺ 12 നുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കുവാൻ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. കേരള ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യൻ എംബസിയോടും ബന്ധപ്പെട്ട്‌ നടപടികൾ ഏകോപിപ്പിക്കുന്നതിന് സഹായകരമാകുമായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നു. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭ്യമാകാതിരുന്നത് മൂലം കേരള ആരോഗ്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്.

സംസ്ഥാന സർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് കേന്ദ്രസർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നിരസിക്കുന്നത് തടസ്സമാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരി 28ലെ ക്യാബിനെറ്റ്‌ സെക്രട്ടറിയേറ്റ് ഓഫീസ് മേമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കൽ ക്ലിയറൻസിനായി അപേക്ഷിച്ചതെന്നും കേരള മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം അവമതിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. ഈ അപേക്ഷ പരിഗണിക്കാതിരുന്ന നടപടി വികസനോദ്ദ്യമങ്ങളിലും ദുരന്തവേളകളിൽ ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കാൻ എടുക്കേണ്ട നടപടികളിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഐക്യമനോഭാവത്തോടെ ആയിരിക്കണമെന്ന സഹകരണാത്മക ഫെഡറലിസത്തിൻ്റെ സത്തയ്ക്ക് കടകവിരുദ്ധമാണ്‌. ഇത്തരം വേളകളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകുന്നതിന് രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഒരു തടസ്സങ്ങളും ഉണ്ടാകരുത് എന്ന വസ്തുത പ്രധാനമന്ത്രി മനസ്സിലാക്കുമെന്നു കരുതുന്നു.

ആരോഗ്യകരമായ സഹകരണാത്മക ഫെഡറലിസം ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും അനിവാര്യമായതിനാൽ ഭാവിയിൽ ഇത്തരം അവസരങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.