ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല – മുഖ്യമന്ത്രി

0
101

ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആർജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പോലീസിൻറെ പ്രത്യേകതകളാണ്. ഈ നിലയിൽ പ്രകടമായ മാറ്റം ഇന്ന് കേരള പോലീസിൽ ദൃശ്യമാണ്.

ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പോലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ക്രിമിനൽ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയിൽ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് ക്രിമിനൽ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിൻറെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 108 ഉദ്യോഗസ്ഥരെ സർവ്വീസിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ തുടർന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അൻവർ സാദത്തിൻ്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വീണ ജോർജ് മറുപടി നൽകി.