ഇൻഫ്ളുവൻസർ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ബിനോയ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി പോലീസ്

0
65

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ബിനോയ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പ്രതികൾ പെൺകുട്ടിയെ വാട്‌സ്ആപ്പ് വഴി ഭീഷണിപ്പെടുത്തിയതിൻ്റെ തെളിവുകളും പോലീസിന് ലഭിച്ചു. ബിനോയിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെയാണ് സുഹൃത്ത് ബിനോയിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരമാണ് പൊലീസിന് കിട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം. ഇതിന്റെ വിവരങ്ങളും ബിനോയിയുടെ ഫോണില്‍ നിന്ന് പൊലീസിന് കിട്ടി. പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച വര്‍ക്കലയിലടക്കം പ്രതിയുമൊത്ത് പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ബിനോയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബന്ധം അവസാനിച്ചതിന് പിന്നാലെ പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിട്ടിരുന്നതായുള്ള കമന്റുകളും സൈബര്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. പ്രതിയുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. പോക്‌സോ , ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസ് തീരുമാനം.