ഓഹരി വിപണി തട്ടിപ്പിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കാൻ സെബിയോട് ആവശ്യപ്പെട്ട് ഇന്ത്യ ഫ്രണ്ട്

0
57

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടന്നതായി ഇന്ത്യ ഫ്രണ്ട് സെബിക്ക് പരാതി നൽകി. തിരഞ്ഞെടുപ്പ് ഫലം വ്യാജമായി പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സാധാരണ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കിയതായി ഇന്ത്യ ഫ്രണ്ട് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ അഴിമതിയിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കാൻ ഇന്ത്യ ഫ്രണ്ട് സെബിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഈ ഓഹരി വിപണി തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. വിഷയത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ചയെ ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. വ്യാജ എക്‌സിറ്റ് പോളുകളിലൂടെ സാധാരണക്കാരെ ഓഹരികള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിച്ചെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന നിലയില്‍ ക്രയവിക്രയം നടന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നെന്നും അവര്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകര്‍ക്ക് 31 ലക്ഷം കോടി രൂപയാണ് നഷ്ടമായിരുന്നത്. എന്നാല്‍ ഓഹരി കുംഭകോണമെന്ന ആരോപണം തെറ്റാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു.