കമ്യൂണിറ്റി സ്‌കിൽ പാർക്ക് വഴി യുവാക്കളെ വിഴിഞ്ഞം തുറമുഖത്ത് തൊഴിലവസരങ്ങൾക്കായി സജ്ജരാക്കും: മന്ത്രി ഡോ.ആർ ബിന്ദു

0
92

കമ്യൂണിറ്റി സ്‌കിൽ പാർക്ക് വഴി യുവാക്കളെ വിഴിഞ്ഞം തുറമുഖത്ത് തൊഴിലവസരങ്ങൾക്കായി സജ്ജരാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. വിഴിഞ്ഞത്ത് നിർമാണം പൂർത്തിയാക്കിയ അസാപ്പിൻ്റെ കമ്യൂണിറ്റി സ്കിൽ പാർക്ക് രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഹോസ്റ്റൽ ബ്ലോക്കിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്‌നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്‌സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അടക്കം ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ 7 വിദേശ ഭാഷകളിൽ പ്രാവീണ്യം നേടാനുതകുന്ന ഭാഷ കോഴ്‌സുകളും അസാപ് കേരള വഴി നൽകിവരികയാണ്.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നാണ് അസാപ് കേരള. കേരളത്തിന്റെ തൊഴിൽക്ഷമത വർദ്ധിക്കുന്നതിന് വലിയ സംഭാവനയാണ് അസാപ് നൽകിയിട്ടുള്ളത്. ആ പാത ഇനിയും വിപുലീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അസാപ് കേരളയും അദാനി സ്‌കിൽ ഡവലൊപ്‌മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. അസാപ് അദാനി സ്‌കിൽ ഡെവേലപ്‌മെന്റ് സെന്റർ ട്രാൻസിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോർട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള ഓഫർ ലെറ്ററും സർട്ടിഫിക്കറ്റും മന്ത്രി കൈമാറി.

സംസ്ഥാനത്ത് സ്ഥാപിച്ച പതിനാറാമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കാണ് വിഴിഞ്ഞത്തേത്. 2 നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിർമിച്ച സ്‌കിൽ പാർക്കിൽ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാർഥം ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.