ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും മഹത്വം വിളിച്ചോതി വീണ്ടും ഒരു ബലിപെരുന്നാൾ

0
100

ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും സ്മരണയ്ക്കായി കേരളത്തിലെ മുസ്ലീങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടെയും ദേശത്തിൻ്റെയും അതിർവരമ്പുകൾ തകർത്ത് ഈദ് ആഘോഷം സാർവത്രിക സാഹോദര്യത്തിൻ്റെ പ്രഖ്യാപനമായി മാറുകയാണ്. ബക്രീദ് ഈദുൽ അദ്ഹ അല്ലെങ്കിൽ ആത്മത്യാഗത്തിൻ്റെ ആഘോഷം എന്നാണ് അറിയപ്പെടുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന അള്ളാഹുവിന്റെ കൽപനയോട് മനസ്സുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥൻ ചേർത്തുപിടിച്ചതായാണ് വിശ്വാസം.

ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. ഭക്തിനിർഭരമായ കൂട്ടായ്മകൾ ഒരുക്കി, അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്. എല്ലാവർക്കും ട്വന്റിഫോറിന്റെ ബക്രീദ് ആശംസകൾ.