ബീഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാർത്ഥികളടക്കം 13 പേർ അറസ്റ്റിൽ

0
80

ബീഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാർത്ഥികളടക്കം 13 പേർ അറസ്റ്റിൽ. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർഥികൾ പൊലീസിനെ സമീപിച്ചപ്പോഴാണ് ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്.

ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി. ചെക്കുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച കേസിൽ ഇതുവരെ ബീഹാർ സ്വദേശികളായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ 13 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ ചില ചോദ്യപേപ്പറുകളും ലഭിച്ചിട്ടുണ്ട്. ഇത് നീറ്റ് പരീക്ഷയുടെ ആണോ എന്ന് തെളിയിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചോദ്യപേപ്പറുകളുടെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടു. പേപ്പറുകളുടെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് ഫോറൻസിക് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.