കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി. എയർ ഫോഴ്സ് വിമാനമടക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും കെ.വി സിംഗ് പറഞ്ഞു.
അതിനിടെ കുവൈത്തിലെ തീപിടിത്തത്തിൽ ആശുപത്രികളിൽ ഇതുവരെ എത്തിയത് 56 കേസുകളെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 41 പേർ അഡ്മിറ്റ് ആയി. 9 പേർ ഗുരുതര ചികിത്സ വിഭാഗങ്ങളിലാണ്. 11 പേരെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രാലയം അറിയിച്ചു. മരിച്ച 49 പേരിൽ 45 മരണവും നടന്നത് സംഭവസ്ഥലത്ത് വെച്ച് തന്നെയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ 11 പേര്‍ മലയാളികളാണ്. കുവൈത്തിലെ രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തിലെത്തും.