സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി മുൻ ഡിജിപി സിബി മാത്യൂസ്

0
87

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. തൻ്റെ ആത്മകഥയായ നിർഭയത്തിലാണ് മുൻ ഡിജിപി ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. സിബി മാത്യൂസിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാൻ കോടതി നിർദേശിച്ചു.

ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്ന് കോടതി വിശേഷിപ്പിച്ചു. പുസ്തകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും പെണ്‍കുട്ടി പഠിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളും ഉള്ളതിനാല്‍ ആളെ മനസിലാക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു.

2017ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുന്നയിച്ച് പരാതി സമര്‍പ്പിച്ചത്. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.