കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
25

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ടുലക്ഷം രൂപ വീതം സഹായം നല്‍കാം എന്നു പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്കു ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കും.

അതേസമയം ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ ഇന്ത്യക്കാരെ കുവൈറ്റിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്. കുവൈറ്റിലെ ജബേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 6 ഇന്ത്യക്കാരെയാണ് കീർത്തി വർദ്ധൻ സിംഗ് സന്ദർശിച്ചത്. ഇവർ സുരക്ഷിതരാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.