നിർമിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവ് ജൂലൈ 11 ന് കൊച്ചിയിൽ

0
115

ഐബിഎമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ജനറേറ്റീവ് എഐ ഇൻ്റർനാഷണൽ കോൺക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുമെന്ന് വ്യവസായ, നിയമ, കൽക്കരി മന്ത്രി പി രാജീവ് അറിയിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോൺക്ലേവിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി വാർത്താസമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു.

എ.ഐ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്നായി എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യ നിർമിതബുദ്ധി കോൺക്ലേവ് ആണിതെന്നും ജനറേറ്റീവ് എ.ഐയുടെ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ഇൻഡസ്ട്രി 4.0 നുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാനും സമ്മേളനം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിലെ എ ഐ അധിഷ്ഠിത വ്യവസായങ്ങൾക്ക് കോൺക്ലേവ് വലിയ കുതിപ്പ് പകരും.

സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വിദ്യാഭ്യാസ രംഗത്തും സർക്കാർ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. സാങ്കേതിക സർവകലാശാലയിൽ ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് നൽകുന്നുണ്ട്. ലോകത്ത് തന്നെ ആദ്യമായി 80000 ത്തോളം സ്‌കൂൾ അധ്യാപകർക്ക് എ ഐ ടൂൾ ഉപയോഗം സംബന്ധിച്ച വർക്ക്ഷോപ്പ് സംഘടിപ്പിച്ച് പരിശീലനം നൽകുകയുണ്ടായി. എ ഐ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് സ്‌കൂൾ മുതലുള്ള സംയോജിത പ്രവർത്തനം ആവശ്യമാണെന്നും അതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. നിർമിതബുദ്ധിയുടെ പരിവർത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും സമ്മേളനം ചർച്ച ചെയ്യും. കേരളത്തിലും രാജ്യത്തും നിർമ്മിത ബുദ്ധിയുടെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും സമ്മേളനം.

ഐബിഎമ്മുമായുള്ള സഹകരണം നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ മികവുകളെ പരിപോഷിപ്പിക്കുന്നതിലുള്ള കേരളത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്ന് പത്രസമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത ഐബിഎം സോഫ്‌റ്റ്വെയർ പ്രൊഡക്ട്സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ പറഞ്ഞു. ജനറേറ്റീവ് എ.ഐയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദ്രുതഗതിയിലുള്ള പുരോഗതിക്ക് പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണ്. അന്താരാഷ്ട്ര കോൺക്ലേവ് പോലുള്ള സംരംഭങ്ങളിലൂടെ എ.ഐ നവീകരണത്തിൽ മുൻനിരയിലെത്താനുള്ള കേരളത്തിന്റെ കഴിവ് പ്രദർശിപ്പിക്കാനാവും. ഉയർന്ന നിലവാരമുള്ള വിജ്ഞാനത്തിലേക്കും ഉപകരണത്തിലേക്കും പ്രവേശനം സാധ്യമാക്കുന്നതിനൊപ്പം സാമൂഹിക വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കാനും ഗവേഷണ-വികസന മേഖലകളിൽ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന ചുവടുവയ്പായി കോൺക്ലേവ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിന്റെ അജണ്ട, പ്രഭാഷകർ, സെഷനുകൾ, രജിസ്ട്രേഷൻ തുടങ്ങിയ വിശദവിവരങ്ങൾ വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണങ്ങൾ, പഠനൽ ചർച്ചകൾ, സംവേദനാത്മക സെഷനുകൾ എ ന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ട. പങ്കെടുക്കുന്നവർക്ക് എ.ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനവും ഉണ്ടായിരിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ഐബിഎം അംഗങ്ങൾ, വ്യവസായ ടെക്നോളജി പ്രമുഖർ തുടങ്ങിയവർ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടും. ഡെവലപ്പർമാർ, വ്യവസായ പ്രമുഖർ, സർവകലാശാലകൾ, വിദ്യാർത്ഥികൾ, മാധ്യമങ്ങൾ, അനലിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഐബിഎമ്മിന്റെ പങ്കാളികൾ തുടങ്ങിയവർ കോൺക്ലേവിന്റെ ഭാഗമാകും. ഡെമോകൾ, ആക്ടിവേഷനുകൾ, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോൺക്ലേവിൽ ഉണ്ടായിരിക്കും. എ.ഐ നവീകരണത്തിനുള്ള മികച്ച സംഭാവനകളെ അംഗീകരിക്കുന്ന പുരസ്‌കാരങ്ങളും സമ്മേളനത്തിൽ നൽകും.

കോൺക്ലേവിന് മുന്നോടിയായി സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഐബിഎമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ അന്താരാഷ്ട്ര പ്രശസ്തരായ എഐ വിദഗ്ധരുടെ ടെക് ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്ട്രേഷനും https://www.ibm.com/in- en/events/gen-ai-conclave. വെബ്സൈറ്റിൽ ലഭ്യമാണ്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, ഐടി മിഷൻ ഡയറക്ടർ അനുകുമാരി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ, ഐബിഎം പ്രതിനിധികളായ ചാർലി കുര്യൻ, വിശാൽ ചാഹ്ല് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.