കുവൈത്ത് ദുരന്തത്തിൽ 15 മലയാളി തൊഴിലാളികൾ മരിച്ചതായി നോർക്ക സെക്രട്ടറി ഡോ.കെ.വാസുകി സ്ഥിരീകരിച്ചു. 24 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. കുവൈറ്റ് സർക്കാരുമായി സഹകരിച്ച് എല്ലാ ശ്രമങ്ങളും നടത്തും. തുടർ സഹായങ്ങൾ ചർച്ച ചെയ്യുമെന്ന് നോർക്ക സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് എത്തിക്കുമെന്നും ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും നോർക്ക സെക്രട്ടറി അറിയിച്ചു . പരുക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. ആറുപേർ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും നോർക്ക സെക്രട്ടറി അറിയിച്ചു.
അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.