ഇന്ത്യയിൽ വീണ്ടും അപൂർവ്വയിനം പക്ഷിപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

0
110

ഇന്ത്യയിൽ 4 വയസ്സുള്ള കുട്ടിക്ക് അപൂർവയിനം പക്ഷിപ്പനിബാധിച്ചതായി ലോകാരോഗ്യ സംഘടന. ഏവിയൻ ഇൻഫ്ളുവൻസ എ (എച്ച് 9 എൻ 2) വൈറസ് മൂലമുണ്ടാകുന്ന അപൂർവ തരം പക്ഷിപ്പനി പശ്ചിമ ബംഗാളിൽ 4 വയസ്സുകാരനെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2019ൽ ഇന്ത്യയിൽ ആദ്യമായി ഈ അപൂർവ തരംവൈറസ് കണ്ടെത്തിയിരുന്നു.

ശ്വാസതടസ്സവും കടുത്ത പനിയും അനുഭവപ്പെട്ട കുട്ടിയെ കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച് 9 എൻ 2വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞ 3 മാസമായി തീവ്രമായി നിരീക്ഷിക്കുകയും ചികിത്സ നൽകിയിരുന്നു. കുട്ടിയുടെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കുട്ടിയുടെ വീടിന് സമീപത്തെ കോഴി ഫാമിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ കുടുംബത്തിലോ അടുത്ത ബന്ധത്തിലോ ആർക്കും ശ്വാസകോശ സംബന്ധമായ അസുഖത്തിൻറെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മാത്രമല്ല ഈ വൈറസ് അതിവേഗം പടരുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ രണ്ടാം തവണയാണ് ഈ അപൂർവ വൈറസ് റിപ്പോർട്ട് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.