ടി20 ലോകകപ്പ്; ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടും, യുഎസ് ടീമിലെ 15 അംഗങ്ങളിൽ 9 പേരും ഇന്ത്യൻ വംശജർ

0
152

ടി20 ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടും. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ടീം ഇന്ത്യ ഇന്ത്യൻ താരങ്ങളോട് തന്നെ മത്സരിക്കുന്ന പ്രതീതിയായിരിക്കും ന്യൂയോര്‍ക്കില്‍ ഇന്ന് കാണാനാകുക.

അഹമ്മദാബാദിൽ ജനിച്ച ക്യാപ്റ്റൻ മോനാക് പട്ടേൽ ഉൾപ്പെടെ യുഎസ് ടീമിലെ 15 അംഗങ്ങളിൽ 9 പേരും ഇന്ത്യൻ വംശജരാണ്. ഇവരിൽ 6 പേർ ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും. അതേസമയം, ഗ്രൂപ്പ് എയിൽ തോൽവി അറിയാത്ത ടീമുകളാണ് ഇന്ത്യയും യുഎസും. ഇന്ന് ജയിക്കുന്നവർക്ക് സൂപ്പർ എട്ട് ഉറപ്പിക്കാം. തോൽക്കുന്ന ടീം കാത്തിരിക്കണം. ഈ ലോകകപ്പിൽ ന്യൂയോർക്കിൽ ഇന്ത്യയുടെ അവസാന മത്സരം കൂടിയാണിത്.

പേസര്‍മാരുടെ സ്വന്തം ഡ്രോപ്പ് ഇന്‍ പിച്ച്

ഇന്ത്യ രണ്ട് മത്സരങ്ങള്‍ കളിച്ച വേദിയാണ് ന്യൂയോര്‍ക്ക് നസ കൗണ്ടി. ബോളര്‍മാരെ കൈയയച്ചു സഹായിക്കുന്ന പിച്ചില്‍ 84 ശതമാനം വിക്കറ്റുകളും നേടിയത് പേസ് ബോളര്‍മാരാണ്.

ബാറ്റിങ്ങില്‍ ആശങ്ക

പൊതുവെ ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് ന്യൂയോര്‍ക്കിലെ പിച്ച്. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും ഇന്ത്യ എതിരാളികളെ നിലംപരിശാക്കിയത് ബോളര്‍മാരെ വെച്ചാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഏതാണ്ടെല്ലാവരും തന്നെ ഫോമിലാണ്. എങ്കിലും ബാറ്റിങ് സൈഡില്‍ അനിശ്ചിത്വം തുടരുന്നു. പാകിസ്താനുമായുള്ള കഴിഞ്ഞ കളിയില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും നേരത്തെ ഗ്രൗണ്ട് വിട്ടിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇന്നു മാറ്റമുണ്ടായേക്കാം. ഫോമില്‍ അല്ലാത്ത ദുബെയ്ക്കു പകരം ഇടംകൈ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ ത്താനാണ് സാധ്യത.