ഇന്ത്യ-ഖത്തർ യോഗ്യതാ മത്സരത്തിലെ വിവാദ ഗോളിനെക്കുറിച്ച് അന്വേഷണം വേണം; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

0
213

ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിവാദ ഗോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, എഎഫ്സി, റഫറിമാരുടെ തലവൻ എന്നിവർക്ക് എഐഎഫ്എഫ് പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐഎഫ്എഫ് പ്രസിഡൻ്റ് കല്യാൺ ചൗബെ പ്രതികരിച്ചു.

73-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ വിവാദ ​ഗോൾ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘത്തിന്റെ തോൽവി. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളിൽ ഖത്തർ ഒപ്പം പിടിച്ചു. ഗോൾ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോൾ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ഖത്തർ ഇന്ത്യയെ കീഴടക്കി.

ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. 37–ാം മിനിറ്റിൽ ലാലിയൻസുവാല ഛാങ്തെ നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ 25 മിനിറ്റോളം ലീഡ് നിലനിർത്തിയ ഇന്ത്യക്ക് 73-ാം മിനിറ്റിലെ വിവാദ ​ഗോളിലൂടെ ലീ‍ഡ് നഷ്ടപ്പെട്ടു. . പോസ്റ്റിനപ്പുറം ലൈനിനു പുറത്തു പോയ പന്ത് കാലുകൊണ്ടു വലിച്ചെടുത്ത് ഖത്തർ താരം യൂസഫ് അയ്മൻ പോസ്റ്റിനുള്ളിലേക്ക് വലിച്ച് തട്ടിയിടുകയായിരുന്നു.

ഫറി ഗോൾ അനുവദിച്ചതോടെ പന്ത് പുറത്തു പോയി എന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ വിഎആർ സംവിധാനം ഇല്ലാതിരുന്നതും ഇന്ത്യയ്ക്കു തിരിച്ചടിയായി. റിപ്ലേയിൽ പന്ത് വര കടന്ന് മൈതാനത്തിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു. 85-ാം മിനിറ്റിൽ അഹ്മദ് അൽ റാവി ഖത്തറിനായി വീണ്ടും വലകുലുക്കിയതോടെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.