തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽവെച്ച് പരസ്യമായി താക്കിത് ചെയ്ത് അമിത് ഷാ. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് അമിത് ഷാ തമിഴിസൈയെ വിളിച്ച് ശാസിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരേ തമിഴിസൈ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. തമിഴ്നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. ഇതേത്തുടർന്ന് തമിഴ്നാട്ടിൽ അണ്ണാമലൈയ്ക്കെതിരെ വലിയ വിമർശനങ്ങളാണുയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ തമിഴിസൈയെ പരസ്യമായി താക്കിത് ചെയ്തത് എന്നാണ് റിപ്പോർട്ട്.
അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. തിരഞ്ഞെടുപ്പിൽ ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു.