കുവൈത്തിൽ ഫ്ലാറ്റിൽ വൻ തീപിടിത്തം; 2 മലയാളികളടക്കം 41 മരണം

0
169

കുവൈത്തിൽ മംഗെഫിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ‌ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മലയാളി ഉടമയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരുമാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മംഗെഫ് ബ്ലോക്ക് നാലിൽ എൻടിബിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുലർച്ചെ നാലരയോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. ഷോർട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക സൂചന. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്.

അതേസമയം കെട്ടിടഉടമയ്ക്കെതിരെ നടപടിയെടുക്കാൻ കുവൈത്ത് മന്ത്രി നിർദേശിച്ചു. കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചത് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് കെട്ടിടങ്ങൾ കണ്ടെത്താനും നിർദേശമുണ്ട്. ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ പൂർണമായി നിയന്ത്രണവിധേയമാക്കി.