സോഷ്യൽ മീഡിയയിൽ സ്വീകാര്യത ഉയർത്തി രാഹുൽ ഗാന്ധി; മോദി പ്രഭാവത്തിൽ മങ്ങൽ

0
104

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ഉയർത്തി രാഹുൽ ഗാന്ധി. 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിൽ, ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് എന്നിവയിൽ രാഹുൽ ഗാന്ധിയുടെ പ്രതിമാസ ഫോളോവേഴ്‌സ് വർദ്ധിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രതിമാസമുണ്ടാകുന്ന ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും ഇടിവ് നേരിട്ടു. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിലെങ്കിലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള കാലയളവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ശരാശരി 30 ശതമാനമാണ് പ്രതിമാസം വർദ്ധിച്ചത്. ഇക്കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ഫോളോവേഴ്‌സിന്റെ വളർച്ചാ നിരക്ക് പ്രതിമാസം അഞ്ച് ശതമാനമായി കുറയുകയാണ് ചെയ്തത്. മോദിയുടെ ഫോളോവേഴ്സിൻറെ എണ്ണത്തിലും വർദ്ധനവില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തിലെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ വളർച്ച വർദ്ധിച്ചുവെങ്കിലും ഫോളോവേഴ്സിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയേക്കാൾ വളരെ മുന്നിലാണ് നരേന്ദ്രമോദി. എക്സിൽ മാത്രം ബിജെപിയെ ഫോളോ ചെയ്യുന്നത് 22 മില്യൺ ആളുകളാണ്.10.6 മില്യൺ പേരാണ് കോൺഗ്രസിനെ എക്സിൽ ഫോളോ ചെയ്യുന്നത്.