ബിജെപി നേതാവ് മോഹൻ ചരൺ മാജി ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയാകും

0
62

ബിജെപി നേതാവ് മോഹൻ ചരൺ മാജി ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയാകും. ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 12 ബുധനാഴ്ച നടക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗും ഭൂപേന്ദ്ര യാദവും മുതിർന്ന നേതാക്കളുമായും പുതിയ എംപിമാരുമായും എംഎൽഎമാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും. ഉപമുഖ്യമന്ത്രിമാരായി കെ വി സിംഗ് ദിയോയെയും പ്രവതി പരിദയെയും തീരുമാനിച്ചു.

24 വര്‍ഷം സംസ്ഥാനം ഭരിച്ച നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയായാണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ധര്‍മേന്ദ്ര പ്രധാന്റെയടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാജി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് ഭുവനേശ്വറിലെത്തും. തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും.

നാലാം തവണയാണ് മോഹന്‍ ചരണ്‍ മാജി എം.എല്‍.എയാകുന്നത്. ഒഡീഷയിലെ കെന്ദൂഝര്‍ മണ്ഡലത്തില്‍ നിന്ന് 11,577 വോട്ടുകള്‍ക്കായിരുന്നു വിജയം. ഗോത്രമേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52-കാരനായ മാജി.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിന് സമാനമായ അട്ടിമറിയാണ് ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി. (ബിജു ജനതാ ദള്‍) നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 147 സീറ്റില്‍ 79 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. 49 സീറ്റുകള്‍ മാത്രമാണ് ബി.ജെ.ഡിക്ക് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.ഡിക്ക് നിരാശ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 20 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി ഭരണത്തില്‍ നിന്നിറങ്ങുമ്പോള്‍ 24 വര്‍ഷവും 96 ദിവസവുമാണ് നവീന്‍ പട്‌നായിക്ക് ഒഡിഷയുടെ മുഖ്യമന്ത്രിക്കസേരയിലിരുന്നത്.

സംസ്ഥാനത്ത് നവീന്‍ മുഖ്യമന്ത്രിയായതിനുശേഷം മറ്റൊരു നേതാവിന്റെ പേരും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകേട്ടിരുന്നില്ല. 2019-ല്‍ 146 അംഗ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോള്‍ ബിജു ജനതാദളിന്റെ സീറ്റുകളുടെ എണ്ണം 112. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്കാകട്ടെ 23 സീറ്റ് മാത്രവും. അന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഒരു മോദിക്കാറ്റും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന മത്സരത്തില്‍ ഏശിയില്ല. എന്നാല്‍ ഇത്തവണ പ്രതീക്ഷകള്‍ പാടെ തെറ്റിക്കുന്നതായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി ഒഡീഷയുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന നവീന്‍ പട്‌നായിക്കിനെ ജനം കൈവിട്ടു. ഇതോടെയാണ് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി അധികാരത്തിലേറുന്നത്.