പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് രാജീവ് ചന്ദ്രശേഖരൻ

0
106

തൻ്റെ 18 വർഷത്തെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റ് എക്സിൽ നിന്ന് ഡിലീറ്റ് ചെയ്ത രാജീവ് ചന്ദ്രശേഖർ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുന്പാണു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരൻ രംഗത്തെത്തിയത്.

തന്റെ 18 വർഷം നീണ്ട പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇതിനിടയിൽ മൂന്നു വർഷം രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഒരു അംഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഒരു സ്ഥാനാർഥി എന്ന നിലയിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലായെന്നും, എന്നാൽ ഇപ്പോൾ അങ്ങനെ തന്നെ ചെയ്യാൻ നിർബന്ധിതനാവുകയാണെന്നും, അദ്ദേഹം കണ്ടുമുട്ടിയ എല്ലാവർക്കും, അദ്ദേഹത്തെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് അദ്ദേഹത്തെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം മുമ്പത്തെ പോസ്റ്റ് അവസാനിപ്പിച്ചത്.

എന്നാൽ, താൻ കാര്യകർത്താവായി തുടരുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. തൻ്റെ രാഷ്ട്രീയ ജീവിതം ബിജെപി പ്രവർത്തകനായി തുടരുമെന്നും 18 വർഷത്തിന് ശേഷം എംപി/മന്ത്രി എന്ന നിലയിലുള്ള തൻ്റെ കരിയർ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ കീഴിലുള്ള മന്ത്രി സഭയിൽ എംപി എന്ന നിലയിലുള്ള എൻ്റെ 18 വർഷവും സഹമന്ത്രി എന്ന നിലയിലുള്ള എൻ്റെ 3 വർഷവും ഇന്ന് അവസാനിക്കുന്നു.
എംപി എന്ന നിലയിൽ ഈ 18 വർഷത്തെ പൊതുസേവനത്തിനിടയിൽ എല്ലാവരുടെയും പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് എൻ്റെ ടീമിലെ ഒരു പുതിയ യുവ ഇൻ്റേൺ ട്വീറ്റ് ചെയ്ത ഒരു ട്വീറ്റ്, എൻ്റെ ഭാവി രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതിൽ കൂടുതൽ സങ്കീർണതകൾ ഉണ്ടാകാതിരിക്കാനാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയെയും തിരുവനന്തപുരത്തെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എൻ്റെ പ്രവർത്തനവും പ്രതിബദ്ധതയും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.