ക്യാബിനറ്റ് പദവി ലഭിച്ചില്ല; സത്യപ്രതിജ്ഞ ചെയ്യാതെ എൻസിപി അജിത് പവാർ വിഭാഗം

0
111

ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാൽ സത്യപ്രതിജ്ഞ ചെയ്യാതെ എൻസിപി അജിത് പവാർ വിഭാഗം. ക്യാബിനറ്റ് പദവി ലഭിച്ചില്ലെങ്കിലും ജെഡിയു-ടിഡിപി ഉള്‍പ്പെടെ ഘടകകക്ഷികളില്‍ നിന്ന് 12 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു.

ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തിനായി ഘടകകക്ഷികള്‍ സമ്മര്‍ദ്ധം ശക്തമാക്കിയിരുന്നു. എന്‍ഡിഎയിലെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ഘടക കക്ഷികളായ ടിഡിപി- ജെഡിയു എന്നിവയില്‍ നിന്ന് രണ്ടു മന്ത്രിമാര്‍വീതം സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം രാംമോഹന്‍ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി എന്നിവരാണ് ടിഡിപി മന്ത്രിമാര്‍. മുന്‍ ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗ്, രാംനാഥ് ഠാക്കൂര്‍ എന്നിവരാണ് ജെഡിയു മന്ത്രിമാര്‍.

ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരി, എല്‍ജെപി രാം വിലാസ് വിഭാഗം അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ശിവസേന ഷിന്‍ഡേ വിഭാഗം നേതാവ് പ്രതാപ് റാവു ജാഥവ്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അധ്യക്ഷന്‍ ജിതിന്‍ റാം മാഞ്ചി, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗം ചന്ദ്രപ്രകാശ് ചൗധരി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അധ്യക്ഷന്‍ രാംദാസ് അത്താവലെ, അപ്നാ ദള്‍ (സോണിലാല്‍) നേതാവ് അനുപ്രിയ പട്ടേല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് ഘടകക്ഷി മന്ത്രിമാര്‍. കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്തതിനെ തുടര്‍ന്ന്, മന്ത്രിസഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കി. ക്യാബിനറ്റ് പദവി ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് അജിത് പവാര്‍ വ്യക്തമാക്കി.