നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബത്തിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ കടബാധ്യത. നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
മണിലാലാണ് അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനെയും വിളിച്ച് ജീവനൊടുക്കാൻ പോകുന്ന വിവരം അറിയിച്ചത്. ഇതോടെ മകനെയും കൂട്ടി കൗൺസിലറെത്തിയപ്പോൾ വീടിനുപുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളിൽ അവശനിലയിൽ കണ്ടത്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി വീണു. ഇതോടെ കൗൺസിലർ പൊലീസിനെ വിവരമറിയിച്ചു.
തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിച്ചതിനാൽ സയനൈഡ് പോലുള്ള ഏതെങ്കിലും വിഷവസ്തുവെന്തെങ്കിലുമാകാം ഇവർ കഴിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.