കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജോർജ് കുര്യൻ; ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ ലക്ഷ്യമിട്ട് ബിജെപി

0
98

ജോർജ് കുര്യൻ ഇന്നലെ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനുമായിരുന്നു ജോർജ് കുര്യൻ.

സുരേഷ് ഗോപിയുടെ വിജയമാണ് ജോർജ് കുര്യൻ്റെ മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുക്കിയത്. തൃശൂരിലെ ക്രിസ്ത്യൻ വോട്ടുകൾ വിജയത്തിൽ നിർണായകമാണെന്നാണ് ബിജെപിയുടെ നിഗമനം. കുര്യനെ മന്ത്രിയാക്കിയതിലൂടെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

മണ്ഡലത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ നിന്ന് സുരേഷ് ഗോപിക്ക് കാര്യമായ വോട്ടുകൾ ലഭിച്ചിരുന്നു. ഈ വോട്ടുകൾ വിജയത്തിൽ നിർണായകമായിരുന്നു. ഇതിൻ്റെ ഉപകാരസ്മരണയായിട്ടാണ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ജോർജ് കുര്യൻ കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. കുര്യനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് ക്രിസ്ത്യൻ സമൂഹത്തിൻ്റെ പിന്തുണ നേടാനാണ് ബിജെപി നീക്കം.

കേരളത്തിൽ പാർട്ടിക്ക് വേരോട്ടം ഉണ്ടാക്കാൻ ക്രൈസ്തവ സമൂഹത്തിൻറെ പിന്തുണ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം കരുതുന്നത്. സംസ്ഥാന നേതൃത്വവുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് കുര്യനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. ഈ നീക്കം വലിയ സ്ഥാനങ്ങൾ മോഹിച്ചിരുന്ന സംസ്ഥാന നേതാക്കൾക്കാണ് തിരിച്ചടിയായിരിക്കുന്നത്.